National
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. 2027 ഓഗസ്റ്റ് 15നായിരിക്കും മുംബൈ - അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയിൽ ഘട്ടംഘട്ടമായിട്ട് ബുള്ളറ്റ് ട്രെയിൻ സർവീസുകൾ ആരംഭിക്കുക.
ഇതിന്റെ ആദ്യഭാഗമായ സൂറത്ത്– ബിലിമോറ പാതയിലാണ് 2027ൽ ആദ്യ സർവീസ് ആരംഭിക്കുക. രണ്ടാം ഘട്ടത്തിൽ വാപി മുതൽ സൂറത്ത് വരെയും മൂന്നാം ഘട്ടത്തിൽ വാപി മുതൽ അഹമ്മദാബാദ് വരെയും പ്രവർത്തനം ആരംഭിക്കും.
അവസാന ഘട്ടത്തിൽ മുംബൈ മുതൽ അഹമ്മദാബാദ് വരെ ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തും. അഹമ്മദാബാദിലെ സബർമതിയെയും മുബൈയിലെ താനെയെയും ബന്ധിപ്പിച്ചുകൊണ്ടു 508 കിലോമീറ്റർ നീളത്തിലാണ് ബുള്ളറ്റ് ട്രെയിൻ ഓടിക്കുവാനുള്ള അതിവേഗ റെയിൽപാത നിർമിക്കുക.
മണിക്കൂറിൽ 320 കിലോമീറ്റർ വേഗമാണ് ബുള്ളറ്റ് ട്രെയിനിനു പ്രതീക്ഷിക്കുന്നത്. 2017ലാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നത്. 2023 ഡിസംബറിൽ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും സ്ഥലം ഏറ്റെടുക്കലിൽ ഉൾപ്പെടെ ഉണ്ടായ പ്രശ്നങ്ങളാണ് കാലതാമസത്തിനു ഇടയാക്കിയത്.
NRI
ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്(ഐഒസി) അയർലൻഡ് കേരള ചാപ്റ്റർ ഡൺലാവിൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.
നിരവധി പേർ പങ്കെടുത്ത ചടങ്ങ് ദേശഭക്തി നിറഞ്ഞ ആഘോഷമായി മാറി. ഐഒസി ദേശീയ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു ദേശീയ പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
കേരള ചാപ്റ്റർ പ്രസിഡന്റ് സാൻജോ മുളവരിക്കൽ യോഗത്തിന് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ കോഓർഡിനേറ്റർ വിനു കളത്തിൽ ആയിരുന്നു.
ഫ്രാൻസിസ് ഇടണ്ടറി, ലിജു ജേക്കബ്, ജിജി സ്റ്റീഫൻ, പോൾസൺ പീടികയ്ക്കൻ, ജെബിൻ മേനാചേരി, ഷിബിൻ തങ്കച്ചൻ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.
NRI
ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ പെൻസിൽവേനിയ ഘടകം നടത്തുന്ന 78-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ സിനിമ പിന്നണി പ്രവർത്തകൻ സുനീഷ് വാരനാട് നേതൃത്വം നൽകും.
ഗോഡ് ഫാദർ, റാംജിറാവ് സ്പീകിംഗ് പോലെ നിരവധി സിനിമകളിലും ടെലിവിഷൻ ഷോകളിൽ സ്ക്രിപ്റ്റ് റൈറ്ററായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം സ്റ്റാൻഡ് അപ്പ് കോമേഡിയനായും ശ്രദ്ധ നേടിയിട്ടുണ്ട്.
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു പ്രശസ്ത സിനിമ പിന്നണി ഗായകർ അവതരിപ്പിക്കുന്ന ഗാനമേള ഉൾപ്പെടെ മികച്ച കലാപ്രകടനങ്ങളാണ് ഐഒസി പെൻസിൽവേനിയ ചാപ്റ്റർ ഇത്തവണ ഒരുക്കിയിരിക്കുന്നത്.
16ന് വൈകുന്നേരം നാലിന് ഫിലഡൽഫിയയിലെ ക്രിസ്റ്റോസ് ചർച്ച് ഓഡിറ്റോറിയത്തിലാണ് പരിപാടികൾ അരങ്ങേറുക. കോൺഗ്രസ് നേതാവും കാസർകോട് എംപിയുമായ രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥിയാകും.
സാമൂഹിക സാംസ്കാരിക നേതാക്കളും അമേരിക്കൻ രാഷ്ട്രീയ പ്രതിനിധികളും പങ്കെടുക്കും. അത്താഴ വിരുന്നോടു കൂടിയായിരിക്കും പരിപാടികൾ സമാപിക്കുക.
ഈ ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ഐഒസി കേരള ചാപ്റ്റർ പെൻസിൽവേനിയ ഘടകം ഭാരവാഹികൾ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.